കാഠ്മണ്ഡു: ജെന്‍-സി പ്രക്ഷോഭങ്ങള്‍ക്കു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നേപ്പാളില്‍ ഇന്നു നടക്കും. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പ്രചാരണം അവസാനിച്ചിരുന്നു.
ഇന്നു വൈകുന്നേരം അഞ്ചുവരെ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടാകുമെന്ന് ആക്ടിംഗ് ചീഫ് ഇലക്ഷന് കമ്മീഷണര്‍ രാം പ്രസാദ് ഭണ്ഡാരി അറിയിച്ചു.
18.9 ദശലക്ഷത്തിലധികം വോട്ടര്‍മാരാണ് നേപ്പാളിലുള്ളത്. ഇത്തവണ വോട്ടിംഗ് ശതമാനം വര്‍ധിക്കുമെന്നും അസാധുവായ വോട്ടുകളുടെ ശതമാനവും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ജെന്‍-സി പ്രക്ഷോഭത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ചെയര്‍മാനും പ്രധാനമന്ത്രിയുമായ കെ.പി. ഒലി ഭരണത്തില്‍നിന്നു പുറത്തായിരുന്നു.
സെപ്റ്റംബര്‍ 12ന് പ്രസിഡന്റ് രാമചന്ദ്ര പൗഡല്‍ പ്രതിനിധി സഭ പിരിച്ചുവിടുകയും സുശീല കാര്‍ക്കിയെ താത്കാലിക പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു.
സിപിഎന്‍-യുഎംഎല്ലിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി ഒലിയാണ്. ഗഗന് താപ്പയെയാണ് നേപ്പാളി കോണ്‍ഗ്രസ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയർത്തിക്കാണിക്കുന്നത്. 275 സീറ്റുകളിലേക്ക് നടത്തുന്ന തെരഞ്ഞടുപ്പില്‍ ആറായിരത്തിലധികം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.